50 ആരോഗ്യ സ്ഥാപനങ്ങൾ, 25 കോടി രൂപയുടെ വികസനം; 24ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

18

സർക്കാരിന്റെ നൂറുദിന കർമ്മ പദ്ധതിയുടെ ഭാഗമായുള്ള വിവിധ പദ്ധതികളുടെ ഉദ്ഘാടനം ജൂലൈ 24ന് ഉച്ചയ്ക്ക് 12 മണിക്ക് ഓൺലൈൻ വഴി മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ചടങ്ങിൽ അധ്യക്ഷത വഹിക്കും.

സബ് സെന്റർ മുതലുള്ള 50 ആരോഗ്യ സ്ഥാപനങ്ങളുടെ 25 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനമാണ് നടക്കുന്നത്. 6 കുടുംബാരോഗ്യ കേന്ദ്രങ്ങൾ, 28 ഹെൽത്ത് ആന്റ് വെൽനസ് സെന്ററുകൾ, 4 താലൂക്ക് ആശുപത്രികൾ, 2 ജനറൽ ആശുപത്രികൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനമാണ് നിർവഹിക്കുന്നത്.

ജനങ്ങൾക്ക് പ്രാഥമിക തലത്തിൽ തന്നെ മികച്ച ചികിത്സ ഉറപ്പുവരുത്തുന്നതിനാണ് ആർദ്രം മിഷന്റെ ഭാഗമായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രമാക്കി മാറ്റിയത്. പ്രവർത്തനസജ്ജമായ 6 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനമാണ് നടക്കുന്നത്. ആലപ്പുഴ കടമ്പൂർ, പാണാവള്ളി, പാലക്കാട് തേങ്കുറുശി, മലപ്പുറം വാഴക്കാട്, കോഴിക്കോട് കണ്ണാടിക്കൽ, വയനാട് മൂപ്പൈനാട് എന്നീ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനമാണ് നടത്തുന്നത്.

ആരോഗ്യരംഗത്ത് മറ്റൊരു നാഴികക്കല്ലാണ് സബ് സെന്ററുകളെ ഹെൽത്ത് ആന്റ് വെൽനസ് സെന്ററുകളാക്കുന്നത്. ആരോഗ്യ ഉപ കേന്ദ്രങ്ങളായ സബ് സെന്ററുകളെ മികച്ച സൗകര്യങ്ങളൊരുക്കി രോഗീ സൗഹൃദമായ കുടുംബാരോഗ്യ കേന്ദ്രം പോലെയാണ് ഹെൽത്ത് ആന്റ് വെൽനസ് സെന്ററുകളാക്കുന്നത്. സബ് സെന്ററുകളായ തിരുവനന്തപുരം ആനത്തലവട്ടം, കുലശേഖരം, പയറ്റുവിള, യു.പി.എച്ച്.സി. ചാല, യു.പി.എച്ച്.സി. കളിപ്പാൻ കുളം, സബ് സെന്ററുകളായ കോട്ടയം കട്ടച്ചിറ, കാട്ടാമ്പാക്ക്, ചെങ്ങളം, മെയിൻ സെന്ററുകളായ നാട്ടകം, വെള്ളാവൂർ, പൂഞ്ഞാർ, സബ് സെന്ററുകളായ എറണാകുളം തൈക്കാവ്, പിണർമുണ്ട, ഉളിയന്നൂർ, യു.പി.എച്ച്.സി. കടവന്ത്ര, യു.പി.എച്ച്.സി. മങ്ങാട്ടുമുക്ക്, സബ് സെന്ററുകളായ തൃശൂർ അന്നനാട്, പൂവ്വൻചിറ, ശാന്തിപുരം, ചൂലൂർ, നാട്ടിക വെസ്റ്റ്, മതിലകം, വളവനങ്ങാടി, അടാട്ട്, വാക, അരൂർ, പേരാമംഗലം, മേലൂർ എന്നിവയേയാണ് ഹെൽത്ത് ആന്റ് വെൽനസ് സെന്ററുകളാക്കി മാറ്റിയിരിക്കുന്നത്.

താലൂക്ക് ആശുപത്രികളിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ഇതോടൊപ്പം നിർവഹിക്കുന്നു. കൊല്ലം പുനലൂർ താലൂക്ക് ആശുപത്രി ഓക്‌സിജൻ ജനറേറ്റർ, പത്തനംതിട്ട തിരുവല്ല താലൂക്ക് ആസ്ഥാന ആശുപത്രിയിലെ ഐസിയു., 15 നവജാതശിശു പുനർ ഉത്തേജന യൂണിറ്റുകൾ, കേന്ദ്രീകൃത ഓക്‌സിജൻ ലഭ്യത, ട്രയേജ്, സി.ഐ.ഐ.യുടെ സാമ്പത്തിക സഹായത്തോടെ ഇടുക്കി പീരുമേട് താലുക്ക് ആശുപത്രിയിൽ സ്ഥാപിച്ച കേന്ദ്രിക്യത ഓക്‌സിജൻ വിതരണ ശ്യംഖല, തൃശൂർ പുതുക്കാട് താലൂക്ക് ആശുപത്രിയിലെ ഇ-ഹെൽത്ത് സംവിധാനം ആദ്യഘട്ടം എന്നിവയുടെ ഉദ്ഘാടനമാണ് നടക്കുന്നത്.

അടൂർ ജനറൽ ആശുപത്രിയിൽ നവജാതശിശു പരിചരണത്തിനായി 20.79 ലക്ഷം രൂപ ചെലവഴിച്ചുള്ള എസ്.എൻ.സി.യു, 15 നവജാതശിശു പുനർ ഉത്തേജന യൂണിറ്റുകൾ, കേന്ദ്രീകൃത ഓക്‌സിജൻ ലഭ്യത, ട്രയേജ് എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. ആലപ്പുഴ ജനറൽ ആശുപത്രിയിൽ ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി ആലപ്പുഴ ജനറൽ ആശുപത്രിയിൽ 1.24 കോടി രൂപ ചെലവഴിച്ച് നിർമ്മാണനവീകരണ പ്രവർത്തനം പൂർത്തിക്കരിച്ചിട്ടുണ്ട്. നിലവിലുള്ള പഴയ ഒപി. ബ്ലോക്കിന്റെ നവീകരണം, കാത്തിരുപ്പ് കേന്ദ്രങ്ങൾ, പുതിയ ടോയ്‌ലെറ്റുകൾ എന്നിവയുടെ ഉദ്ഘാടനമാണ് നടക്കുന്നത്.

കോട്ടയം ഇടമറുക് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ 1.75 കോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന ഒ.പി. ബ്ലോക്കിന്റെ ഉദ്ഘാടനവും നിർവഹിക്കും.ഗർഭിണികളായ ആദിവാസികളെ കുടുംബ സമേതം താമസിപ്പിച്ച് പ്രസവ ശുശ്രൂക്ഷ നൽകാൻ വേണ്ടി 6.14 ലക്ഷം രൂപ വീതം ചെലവഴിച്ച് വയനാട് ബത്തേരിയിലും വൈത്തിരിയിലും സജ്ജമാക്കിയ ആന്റിനെറ്റൽ ട്രൈബൽ ഹോം, 20 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച മാനന്തവാടി ടി.ബി. സെൽ, കൊല്ലം ഗവ. വിക്ടോറിയ ആശുപത്രിയിൽ 10 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച ഹൈ ഡിപ്പന്റൻസി യൂണിറ്റ്, കോട്ടയം ജില്ലയിലെ ആരോഗ്യ പ്രവർത്തകർക്ക് പരിശീലനം നൽകുന്നതിന് വേണ്ടി ജില്ലാ നഴ്‌സിംഗ് സ്‌കൂളിൽ 60 ലക്ഷം രൂപ മുടക്കി സജ്ജീകരിച്ച സ്‌കിൽ ലാബ്, എറണാകുളം ഇടപ്പള്ളി റീജിയണൽ വാക്‌സിൻ സ്റ്റോർ, കണ്ണൂർ ടിബി സെന്ററിന്റെ പുതിയ കെട്ടിടം, പാലക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിൽ സജ്ജമാക്കിയ ജില്ലാ ഏർളി ഇന്റർവെൻഷൻ സെന്റർ വിപുലീകരണം, തൃശൂർ കൈപ്പമംഗലം മതിലകം ട്രാൻസ് ഗ്ലോബൽ ഡ്രൈ പോർട്ടിൽ സജ്ജമാക്കിയ 55,000 സ്‌ക്വയർ ഫീറ്റിൽ 450 കിടക്കകളോട് കൂടിയ സ്ത്രീകൾക്ക് മാത്രമായുള്ള സി.എഫ്.എൽ.ടി.സി./ സി.എസ്.എൽ.ടി.സി എന്നിവയുടെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും.

NO COMMENTS