ഇന്ന് ലോക സമുദ്ര ദിനം

1231

കുഞ്ഞായിരിക്കുമ്പോള്‍ മുതല്‍ ഏതൊരു മനുഷ്യനെയും ആകർഷിക്കുന്ന ഒന്നാണ് സമുദ്രങ്ങള്‍. അവയുടെ ഭംഗിയും വെള്ളത്തിന്റെ തണുപ്പുമൊക്കെ എത്ര കാലം കഴിഞ്ഞാലും നമ്മുടെ ഉള്ളില്‍ മായാതെ നിൽക്കും. ഒരിക്കലെങ്കിലും ആ കടൽകാറ്റ് ഏൽക്കാത്തവര്‍ ആരുമുണ്ടാകില്ല. നമ്മുടെ മനസ്സിന് അത്രെയും സന്തോഷം പകരുന്ന സമുദ്രങ്ങളുടെ ഇന്നത്തെ അവസ്ഥ എന്താണെന്ന് നമ്മള്‍ ചിന്തിക്കാറുണ്ടോ. മനുഷ്യന്‍റെ പ്രവർത്തികളുടെ ഫലം സമുദ്രങ്ങളെയും അതിലെ ജീവികളെയും ബാധിക്കുന്നു. നമ്മള്‍ ഉപേക്ഷിക്കുന്ന ഒട്ടുമിക്ക എല്ലാ മാലിന്യങ്ങളും എത്തിച്ചേരുന്നത് കടലിലേക്കാണ്. പ്രധാനമായും പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍. ഇപ്പോൾതന്നെ ഏകദേശം അഞ്ച് ട്രില്ല്യന്‍ പ്ലാസ്റ്റിക്‌ വസ്തുക്കള്‍ സമുദ്രങ്ങളില്‍ എത്തിച്ചേർന്നു എന്നാണ് പഠനങ്ങള്‍ പറയുന്നത്.

നദിയിലൂടെയാണ്‌ പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ഏറിയ പങ്കും കടലിലെത്തുന്നത്. നൈൽ, നൈഗർ, യെല്ലോ, യാങ്റ്റ്സി, പേൾ, മെക്കോങ്, ആമർ എന്നിവയാണ് മാലിന്യവാഹകരിൽ മുന്നിൽ നിൽക്കുന്നത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ നദികളും ഇക്കാര്യത്തിൽ ഒട്ടും പുറകിലല്ല. ഗംഗയും സിന്ധുവുമാണ് നമ്മുടെ പ്ലാസ്റ്റിക് മാലിന്യങ്ങളെ കടലിലേക്ക് വഹിക്കുന്നത്. കരയിലെ എന്നപോലെ തന്നെ കടലിലും ഇവ അഴുകാതെ കിടക്കും. ഇത് കടലിലെ എഴുന്നൂറോളം സ്പീഷീസുകളുടെ നിലനില്‍പ്പിനുതന്നെ ഭീഷണിയായിരിക്കുകയാണ്. ഇത്തിരി കുഞ്ഞന് പ്ലാങ്ങ്ടനുകള്‍ മുതല്‍ വലിയ ജീവിയായ തിമിംഗലം വരെ ഇതില്‍ പെടുന്നുണ്ട്. പവിഴപുറ്റുകളുടെ കാര്യവും ഒട്ടും വ്യത്യസ്തമല്ല. സമുദ്രങ്ങളെ പ്ലാസ്റ്റിക്‌ മോചിതമാക്കാതിരുന്നാല്‍ കടലിലെ ജൈവസമ്പത്ത് നമുക്ക് എന്നന്നേക്കുമായി നഷ്ടപെടും. ഈ സമുദ്ര ദിനത്തിന്റെ സന്ദേശവും ഇതുതന്നെയാണ്. “പ്ലാസ്റ്റിക്‌ മലിനീകരണം തടയുക, സമുദ്രങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങൾക്ക് ശക്തി പകരുക.” സമുദ്ര സംരക്ഷണ പ്രവർത്തനങ്ങള്‍ കേവലം ദിനാചരണങ്ങളിലൊതുക്കാതെ തുടർന്നും അവയെ നശിപ്പിക്കാതെ നോക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്ന് മനസ്സിലാക്കി പ്രവർത്തിക്കാന്‍ നാം വൈകരുത്.

ജെനി എലിസബത്ത്
നെറ്റ് മലയാളം

NO COMMENTS