കൈത്തറി മേഖലയ്ക്ക് 41 കോടി അനുവദിച്ചു.

47

തിരുവനന്തപുരം : പരമ്പരാഗത വ്യവസായമായ കൈത്തറി മേഖലയ്ക്ക് 41 കോടി സർക്കാർ അനുവദിച്ചു. സൗജന്യ കൈത്തറി സ്‌കൂൾ യൂണിഫോം കൂലി ഇനത്തിൽ 30 കോടിയും ഉൽപാദന ആനുകൂല്യമായി 4.2 കോടിയും റിബേറ്റ് ഇനത്തിൽ 6.8 കോടിയുമാണ് അനുവദിച്ചത്. തൊഴിലാളികളുടെ അക്കൗണ്ടിലേക്ക് ജില്ലാവ്യവസായ കേന്ദ്രം ജനറൽ മാനേജർമാർ തുക നിക്ഷേപിക്കും.

കോവിഡ് സാഹചര്യത്തിൽ തൊഴിലില്ലാതെ പ്രതിസന്ധിയിലായ നെയ്ത്തു തൊഴിലാളികൾക്കും കൈത്തറി സഹകരണ സംഘങ്ങൾക്കും ആശ്വാസമാണ് സർക്കാർ നടപടി. സൗജന്യ കൈത്തറി സ്‌കൂൾ യൂണിഫോം നെയ്ത തൊഴിലാളികൾക്ക് കഴിഞ്ഞ ഡിസംബർ മുതൽ മാർച്ച് വരെയുള്ള കൂലിയാണ് നൽകിയത്. അടുത്ത ദിവസം മുതൽ തൊഴിലാളികളുടെ കൈകളിൽ തുക എത്തും. റിബേറ്റ് തുക ലഭിച്ചതോടെ തൊഴിലാളികൾക്ക് ഓണത്തിന് ബോണസും മറ്റ് ആനുകൂല്യങ്ങളും ഉൾപ്പെടെ നൽകാൻ കൈത്തറി സഹകരണ സംഘങ്ങൾക്കാകും. കോവിഡിനെ തുടർന്ന് നഷ്ടമായ വിപണി തിരിച്ചെടുക്കാൻ കൈത്തറി മേഖലയ്ക്ക് കഴിഞ്ഞ മാസം 20 ശതമാനം സ്‌പെഷ്യൽ റിബേറ്റ് അനുവദിച്ചിരുന്നു.

കൈത്തറി മേഖലയുടെ സംരക്ഷണത്തിന് നടപ്പാക്കിയ സൗജന്യ സ്‌കൂൾ യൂണിഫോം പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ നാല് വർഷം നെയ്ത്തുതൊഴിലാളികൾക്ക് കൂലിയിനത്തിൽ 172കോടി രൂപ നൽകി. 126 ലക്ഷം മീറ്റർ തുണിയാണ് നെയ്തത്. അടുത്ത അധ്യയന വർഷത്തേക്കുള്ള യൂണിഫോം തുണി തയ്യാറാക്കാനുള്ള നൂൽ വിതരണം ആരംഭിച്ചിട്ടുണ്ട്. സ്‌കൂൾയൂണിഫോമിനു ആവശ്യമായ നൂൽ സംസ്ഥാനത്തെ സ്പിന്നിങ് മില്ലുകളിൽ തന്നെ ഉൽപ്പാദിപ്പിച്ചതിലൂടെ മില്ലുകളുടെ സംരക്ഷണം ഉറപ്പാക്കാനും സർക്കാരിനായി.

NO COMMENTS