ഒറ്റ ദിവസം കൊണ്ട് 276 ഡോക്ടർമാരെ അടിയന്തരമായി നിയമിക്കുന്നു

93

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി 276 ഡോക്ടർമാരെ പി.എസ്.സി. വഴി അടിയന്തരമായി നിയമിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. പി.എസ്.സി. റാങ്ക് ലിസ്റ്റിലുള്ളവരിൽ നിന്നാണ് ഇവരെ തെരഞ്ഞെടുത്ത് നിയമനം നൽകുന്നത്. എല്ലാവർക്കും അഡൈ്വസ് മെമ്മോ നൽകിക്കഴിഞ്ഞു. വീഡിയോ കോൺഫറൻസിലൂടെ കൗൺസിലിംഗ് നടത്തി ഒറ്റ ദിവസം കൊണ്ടായിരിക്കും ഇവരെ നിയമിക്കുക. ഇതുപോലെ മറ്റ് പാരമെഡിക്കൽ വിഭാഗക്കാരേയും അടിയന്തരമായി നിയമിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് കോവിഡ് പോസിറ്റീവ് കേസുകൾ വർധിച്ചു വരുന്നതിനാൽ ഇതിനെ യുദ്ധകാലാടിസ്ഥാനത്തിൽ നേരിടാനുള്ള തയ്യാറെടുപ്പുകളാണ് ആരോഗ്യ വകുപ്പ് നടത്തുന്നത്. പോസിറ്റീവ് കേസുകളുള്ളവർക്ക് പുറമേ വീട്ടിൽ നിരീക്ഷണത്തിലുള്ളവർക്ക് രോഗലക്ഷണങ്ങളോ മറ്റസുഖങ്ങളോ ഉണ്ടെങ്കിൽ ഐസൊലേഷൻ മുറികളിൽ മാത്രമേ ചികിത്സിക്കാൻ കഴിയുകയുള്ളൂ. ഇത് മുന്നിൽക്കണ്ട് ആരോഗ്യ വകുപ്പ് പ്ലാൻ എ, പ്ലാൻ ബി, പ്ലാൻ സി എന്നിങ്ങനെയുള്ള പദ്ധതികൾ ആവിഷ്‌ക്കരിച്ചിരുന്നു.

ഇവയിലെല്ലാം കൂടി 6,000ത്തോളം ഐസൊലേഷൻ കിടക്കകൾ തയ്യാറാക്കിയിരുന്നു. ഇതുകൂടാതെ 21,866 പേരെ ഒരേസമയം താമസിക്കാൻ കഴിയുന്ന കൊറോണ കെയർ സെന്ററുകളും കണ്ടെത്തിയിട്ടുണ്ട്. ഓരോ പ്ലാനിനും അനുസരിച്ച് ഡോക്ടർമാർ, നഴ്സുമാർ ഉൾപ്പെടെയുള്ള ജീവനക്കാർ, മരുന്നുകൾ, സുരക്ഷ ഉപകരണങ്ങൾ, വെന്റിലേറ്റർ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ വലിയ തോതിൽ വർധിപ്പിക്കേണ്ടതുണ്ട്. ഇതിന്റെ ഭാഗമായാണ് പുതുതായി ഡോക്ടർമാരെ നിയമിക്കാൻ തീരുമാനിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

NO COMMENTS