20 തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പദ്ധതി ഭേദഗതികള്‍ക്ക് അംഗീകാരം

80

പത്തനംതിട്ട : ജില്ലയിലെ 20 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ 2019 -20 വാര്‍ഷിക പദ്ധതി ഭേദഗതികള്‍ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നല്‍കി. അടൂര്‍, പന്തളം നഗരസഭകളിലെയും ഇലന്തൂര്‍, കോന്നി ബ്ലോക്ക് പഞ്ചായത്തുകളുടെയും ഗ്രാമപഞ്ചായത്തുകളായ ആനിക്കാട്, അരുവാപ്പുലം, അയിരൂര്‍, ചെന്നീര്‍ക്കര, ചിറ്റാര്‍, ഏനാദിമംഗലം, ഏഴംകുളം, കല്ലൂപ്പാറ, മലയാലപ്പുഴ, മൈലപ്ര, റാന്നി പെരുനാട്, സീതത്തോട്, വള്ളിക്കോട്, കവിയൂര്‍, ഏറത്ത്, കൊറ്റനാട് എന്നീ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും വാര്‍ഷിക പദ്ധതി ഭേദഗതികള്‍ക്കാണ് അംഗീകാരം നല്‍കിയത്.

അടൂര്‍ നഗരസഭയിലെ അയ്യന്‍കാളി നഗര തൊഴിലുറപ്പ് പദ്ധതിയുടെ പുതുക്കിയ ആക്ഷന്‍ പ്ലാനിനും അംഗീകാരം നല്‍കി. 2,29,94,350 രൂപയുടെ 50910 തൊഴില്‍ദിനങ്ങള്‍ സൃഷ്ടിക്കുന്ന പദ്ധതിയാണ് ഇത്. സംസ്ഥാനതല പദ്ധതി നിര്‍വഹണത്തില്‍ ജില്ലയ്ക്ക് നിലവില്‍ ഒന്‍പതാം സ്ഥാനമാണ് ഉള്ളത്. പദ്ധതി പുരോഗതി ത്വരിതപ്പെടുത്തുന്നതിനായി ഈമാസം 13 മുതല്‍ നിര്‍വഹണ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയുള്ള ജില്ലാതല, ബ്ലോക്ക്തല അവലോകന യോഗം ചേരുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി പറഞ്ഞു. പിഎംജിഎസ് വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മാണം നടത്തേണ്ട എട്ടു മീറ്റര്‍ വീതിയുള്ള റോഡുകളുടെ ലിസ്റ്റ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ജില്ലാ പഞ്ചായത്തില്‍ സമര്‍പ്പിക്കണമെന്നും പ്രസിഡന്റ് പറഞ്ഞു.

ആസൂത്രണ സമിതി അംഗങ്ങളായ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, ബി. സതികുമാരി, അഡ്വ.ആര്‍.ബി. രാജീവ് കുമാര്‍, സാം ഈപ്പന്‍, എന്‍.ജി. സുരേന്ദ്രന്‍, എം.ജി. കണ്ണന്‍, വിനീത അനില്‍, ലീലാ മോഹന്‍, എലിസബത്ത് അബു, ബിനി ലാല്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ വി. ജഗല്‍കുമാര്‍, അസിസ്റ്റന്റ് പ്ലാനിംഗ് ഓഫീസര്‍ ജി. ഉല്ലാസ്, ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

NO COMMENTS