കോഴിക്കോട് ചത്ത ആടുകളെ കുത്തിനിറച്ച്‌ കൊണ്ടുവന്ന വാഹനം നാട്ടുകാര്‍ പിടികൂടി

231

വെള്ളിമാടുകുന്ന്: കോഴിക്കോട് ചത്ത ആടുകളെ കുത്തി നിറച്ച്‌ കൊണ്ടു വന്ന വാഹനം നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറി. എന്‍ജിഒ ക്വാട്ടേഴ്സിന് സമീപത്ത് വെച്ചാണ് ആടുകളെ കുത്തിനിറച്ച്‌ പിക് അപ്പ് വാനില്‍ കൊണ്ടുവരുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് നാട്ടുകാര്‍ വാഹനം തടയുകയായിരുന്നു. പിന്നീട് നടത്തിയ പരിശോധനയില്‍ ആടുകളെ കഴുത്തറത്ത നിലയിലും അവശനിലയിലും കണ്ടെത്തി. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ചേവായൂര്‍ പൊലീസ് സ്ഥലത്തെത്തി വാഹനം കസ്റ്റഡിയിലെടുത്തു. പൊലീസ് വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരാണ് 14 ആടുകള്‍ ചത്ത നിലയിലാണെന്ന് കണ്ടെത്തിയത്. ആടുകള്‍ക്ക് കുടിക്കാന്‍ വെള്ളം പോലും കൊടുത്തിരുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.
പാലക്കാട് ഭാഗത്തു നിന്നാണ് ആടുകളെ കൊണ്ടുവന്നതെന്നാണ് വാഹനത്തിലുണ്ടായിരുന്നവര്‍ പൊലീസിന് നല്‍കിയ മൊഴി.