യൂണിവേഴ്സിറ്റി കോളജിലെ മര്‍ദ്ദനം: 13 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

239

തിരുവനന്തപുരം: യൂനിവേഴ്‌സിറ്റി കോളജില്‍ പെണ്‍സുഹൃത്തുക്കള്‍ക്കൊപ്പമെത്തിയ യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ 13 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. എസ്എഫ്‌ഐ പ്രവത്തകര്‍ സദാചാര ഗുണ്ടായിസം കാണിച്ചുവെന്നാണ് മര്‍ദ്ദമേറ്റ യുവാവിന്റെയും സുഹൃത്തുക്കളുടെ ആരോപണം. സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി എം.വിജിന്‍ പറഞ്ഞു. യൂണിവേഴ്‌സിറ്റി കോളജിലെ സൂര്യ ഗായത്രി, ജാനകി എന്നീ വിദ്യാര്‍ത്ഥിനികള്‍ക്കൊപ്പമാണ് തൃശൂര്‍ സ്വദേശിയായ ജിജീഷ് ഇന്നലെ കോളജില്‍ നാടകം കാണാനെത്തിയത്. നാടകോത്സവകം നടക്കുന്നതിനിടെ വിദ്യാര്‍ത്ഥിനികളുടെ അടുത്തിരുന്ന ജിജേഷിനെ കോളജിനു പുറത്തുള്ള എസ്ഫ്‌ഐ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എത്തി മര്‍ദ്ദിച്ചുവെന്നാണ് പരാതി. ജിജേഷിന്റെ പരാതിയില്‍ 13 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കന്‍േറാണ്‍മന്റ് പൊലീസ് കേസെടുത്തു. എസ്എഫ്‌ഐയുടെ മുന്‍ കോളജ് യൂനിറ്റ് സെക്രട്ടറി തസ്ലിം, പ്രവര്‍ത്തകരായ സുജിത്, രതീഷ് എന്നിവരെയാണ് പ്രതിചേര്‍ത്തത്. കണ്ടാലറിയാവുന്ന മറ്റു 10 പേര്‍ക്കെതിരെയും കേസ് എടുത്തു.

യുവാവ് അടുത്തിരുന്നുവെന്നുവെന്ന കാരണത്താല്‍ എസ്എഫ്‌ഐക്കാര്‍ സദാചാര ഗുണ്ടായിസം കാണിച്ചുവെന്നാണ് വിദ്യാര്‍ത്ഥിനികളുടെ ആരോപണം. തങ്ങളെയും എസ്എഫ്.ഐക്കാര്‍ കൈയേറ്റം ചെയ്തുവെന്നും പെണ്‍കുട്ടികള്‍ പറയുന്നു. എന്നാല്‍, സംഘം പെണ്‍കുട്ടികളെ മര്‍ദ്ദിച്ചതായി മൊഴി നല്‍കിയിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ ആരോപണങ്ങള്‍ എസ്എഫ്‌ഐ നിഷേധിച്ചു. ക്ലാസ് മുറിയില്‍ വച്ച് വിദ്യാര്‍ത്ഥിനിയോട് കോളജിനു പുറത്തെത്തിയ ആള്‍ മോശമായി പെരുമാറിയത് ആദ്യം ഒരു കൂട്ടം പെണ്‍കുട്ടികള്‍ ചോദ്യം ചെയ്തു. ചോദ്യം ചെയ്ത പെണ്‍കുട്ടികളെ കൈയേറ്റം ചെയ്തപ്പോഴാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഇടപെട്ടതെന്ന് ജില്ല സെക്രട്ടറി പ്രജിന്‍ പറഞ്ഞു. അതിനിടെ, സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് സംസ്ഥാനസെക്രട്ടറി എം.വിജിന്‍ പറഞ്ഞു. സദാചാര ഗുണ്ടായത്തിന് എസ്എഫ്‌ഐ എതിരാണെന്നും വിജിന്‍ കൂട്ടിച്ചേര്‍ത്തു

NO COMMENTS

LEAVE A REPLY