കേരളത്തിൽ 10 ജയിലുകള്‍ പുതുതായി ആരംഭിക്കും – ഋഷിരാജ്സിങ്‌

109

കണ്ണൂര്‍: കേരളത്തിൽ 10 ജയിലുകള്‍ പുതുതായി ആരംഭിക്കുമെന്ന് ജയില്‍ ഡി.ജി.പി. ഋഷിരാജ്സിങ്‌ പറഞ്ഞു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജയില്‍ക്ഷേമ ദിനാഘോഷം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.തടവുകാര്‍ക്ക് അര്‍ഹതപ്പെട്ട പരോള്‍ നിഷേധിക്കുന്ന സമീപനം ഉണ്ടാകരുതെന്നും പരോള്‍ റിപ്പോര്‍ട്ട് മൂന്നുതവണ നിഷേധിക്കുന്ന സമീപനമുണ്ടായാല്‍ ജില്ലാ പോലീസ് മേധാവിക്ക് കത്തെഴുതി വിശദീകരണം തേടുമെന്നും ഋഷിരാജ് സിങ്‌ പറഞ്ഞു

കൂത്തുപറന്പ് സബ്ജയിലിന്‍റെ ടെന്‍ഡര്‍ നടപടി പൂര്‍ത്തിയായി. 10 ദിവസത്തിനകം പണി തുടങ്ങും. തളിപ്പറന്പ് ജില്ലാ ജയിലിന്‍റെ നിര്‍മാണം ഈ മാസം ആരംഭിക്കും. തലശ്ശേരിയില്‍ 33 ലക്ഷം രൂപ ചെലവഴിച്ച്‌ ഓഫീസ് നിര്‍മിക്കും. വടകരയിലും സബ് ജയില്‍ നിര്‍മാണം ഉടന്‍ ആരംഭിക്കും. കണ്ണൂര്‍ സ്പെഷ്യല്‍ സബ് ജയില്‍ വികസിപ്പിക്കുന്ന പണിയും ഈ മാസം തുടങ്ങും. കാസര്‍കോട്, വയനാട് ജില്ലകളില്‍ ജില്ലാ ജയിലുകള്‍ പണിയും -അദ്ദേഹം പറഞ്ഞു. ജയില്‍ ഉത്തരമേഖലാ ഡി.ഐ.ജി. സാം തങ്കയ്യന്‍ അധ്യക്ഷതവഹിച്ചു. ജയില്‍ സൂപ്രണ്ട് ടി.ബാബുരാജന്‍, വെല്‍ഫെയര്‍ ഓഫീസര്‍ ഇ.വി. ഹരിദാസന്‍ എന്നിവര്‍ പ്രസംഗിച്ചു.

തടവുകാര്‍ക്കും അവകാശങ്ങളുണ്ട്. വിചാരണത്തടവുകാരെ കൃത്യമായി കോടതിയില്‍ എത്തിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ലോക്കല്‍ പോലീസിനാണ്‌ ഇതിന്റെ ചുമതല. ജോലിഭാരം പറഞ്ഞ് തടവുകാരെ കോടതിയില്‍ ഹാജരാക്കാന്‍ വൈകരുത്. കോടതിയില്‍ ഹാജരാക്കുന്നത് മുടങ്ങിയാല്‍ ജില്ലാ പോലീസ് മേധാവികളെ ജയില്‍ ഡി.ജി.പി. തന്നെ കാണേണ്ട സാഹചര്യമുണ്ടാകും. ചികിത്സവേണ്ട തടവുകാരെ പോലീസ് സഹായത്തോടെ കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിക്കണം. ജയിലുകളില്‍ യോഗ നിര്‍ബന്ധമായി നടത്തും -അദ്ദേഹം പറഞ്ഞു.

തെലങ്കാന ജയിലിലുള്ളതുപോലെ ജയില്‍ ടൂറിസത്തിന്റെ ഭാഗമായി ഫീല്‍ ജയില്‍ പദ്ധതി തത്‌കാലം നടപ്പാക്കാനുദ്ദേശിക്കുന്നില്ലെന്ന് ഋഷിരാജ് സിങ്‌ പറഞ്ഞു. പ്രത്യേക മാനസികാവസ്ഥയിലാണ് പലരും ജയിലിലെത്തുന്നത്. അവരെ കാഴ്ചബംഗ്ലാവിലെന്നപോലെ ആള്‍ക്കാര്‍ സന്ദര്‍ശിക്കുന്നത് ശരിയല്ല. അവര്‍ക്ക് സ്വകാര്യത വേണം -അദ്ദേഹം പറഞ്ഞു.

NO COMMENTS