ഫോക്സ് വാഗൻ കാറുകൾ തിരിച്ചു വിളിക്കും

685

വാഹന വായു മലിനീകരണം നിർണയിക്കുന്ന സോഫ്റ്റ്‌വെയറിന്റെ പരിശോധനയ്ക്കായി ഫോക്സ്‌ വാഗൻ 1.9 ലക്ഷം കാറുകൾ തിരിച്ചു വിളിക്കുന്നു. കമ്പനി സ്വമേധയാ നടത്തുന്ന നടപടിയാണ് തിരിച്ചുവിളിക്കലെന്ന് ഫോക്സ്‌ വാഗൻ മാർക്കറ്റിങ് വിഭാഗം തലവൻ കമൽ ബസു പറഞ്ഞു.ഇത്രയും കാറുകളുടെ പരിശോധനയ്ക്ക് 10 മാസം വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെ അനുമതിയോടെയാകും തിരികെ വിളിച്ചുള്ള പരിശോധനകൾ.

യുഎസിൽ ഫോക്സ്‌ വാഗൻ കാറുകളിലെ എമിഷൻ സോഫ്റ്റ്‌വെയറിൽ കൃത്രിമം നടത്തിയതായി തെളിയുകയും ലക്ഷക്കണക്കിന് വാഹനങ്ങൾ കമ്പനിക്കു തിരിച്ചു വിളിച്ചു പരിശോധിക്കേണ്ടി വരികയും ചെയ്തു. മലിനീകരണ നിയന്ത്രണച്ചട്ടങ്ങൾ കർശനമായ അമേരിക്കയിലും യൂറോപ്പിലും ഫോക്സ്‌വാഗൻ നിയമനടപടികളും നേരിടുകയാണ്.

മറ്റ് ആഗോള വിപണികളിൽ നടത്തിയ പരിശോധനകൾ അധികൃതരുടെ നിർദേശം ഒന്നുംതന്നെ ഇല്ലാതെതന്നെ ഇന്ത്യയിലും നടത്തുകയാണ് ഫോക്സ്‌ വാഗനെന്ന് ബസു പറയുന്നു.അടുത്ത മാസം മുതൽ വാഹന ഉടമകൾക്ക് ഇതു സംബന്ധിച്ച അറിയിപ്പുകൾ ലഭിക്കും. സ്വമേധയാ നടത്തുന്ന പരിശോധനയാണെന്ന ബോധവൽക്കരണംകൂടി കമ്പനി നടത്തുന്നുണ്ട്. നിലവിൽ ഭാരത് സ്റ്റേജ്–നാല് നിലവാരമുള്ളതാണ് ഫോക്സ്‌ വാഗൻ കാറുകൾ.

യുഎസിലും യൂറോപ്പിലും തെക്കൻ അമേരിക്കൻ രാജ്യങ്ങളിലുമായി ഒരു കോടിയിലേറെ ഡീസൽ കാറുകളിൽ മലിനീകരണ തോത് കുറച്ചു കാട്ടുന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ചിരുന്നതായി ഫോക്സ്‌ വാഗൻ സമ്മതിച്ചിരുന്നു. രാജ്യാന്തരതലത്തിൽ നാണക്കേടുണ്ടാക്കിയ ഈ സംഭവത്തിനു ശേഷം ഇന്ത്യയിൽ ഫോക്സ്‌ വാഗൻ കാറുകളുടെ വിൽപനയിൽ ഇടിവുണ്ടാകുകയും ചെയ്തു. എന്നാൽ ഇപ്പോൾ ഈ അവസ്ഥ മാറിയെന്നും വിൽപന പഴയമട്ടിൽ മികച്ച നിലയിലാണെന്നും കമൽ ബസു പറഞ്ഞു.

NO COMMENTS

LEAVE A REPLY