അരിവില കൂട്ടാന്‍ ആന്ധ്രാലോബിയുടെ ശ്രമം

629

തിരുവനന്തപുരം∙ സംസ്ഥാനത്ത് അരിവില ഉയർത്താൻ കൃത്രിമക്ഷാമം സൃഷ്ടിച്ച് ആന്ധ്ര ലോബിയുടെ നീക്കം. ഒരാഴ്ചയായി ആന്ധ്രയിൽ നിന്നുള്ള അരി വരവ് നിലച്ചതോടെ മൊത്തവിപണിയിൽ അരിവില അഞ്ചുരൂപവരെ വർധിച്ചു. ക്ഷാമം സപ്ലൈകോയിലെ അരിവിതരണത്തെയും പ്രതിസന്ധിയിലാക്കും.

12 റാക്ക് അരിയാണ് ഒരുമാസം ആന്ധ്രയിൽ നിന്ന് എത്തിയിരുന്നത്. ഒരു റാക്കിൽ 2,500 ടൺ വരെ. പക്ഷേ, കഴിഞ്ഞമാസം വന്നത് വെറും നാല് റാക്ക് മാത്രം. ഒരാഴ്ചയായി ഒരു ചാക്ക് അരി പോലും കയറ്റിവിടാൻ ആന്ധ്രയിലെ മില്ലുടമകൾ തയാറായിട്ടില്ല. ചെറുകിട മില്ലുകളിൽ ഭൂരിഭാഗവും പൂട്ടിയതോടെ വലിയ മില്ലുടമകളാണ് ആന്ധ്രയിലെ അരി വിപണി നിയന്ത്രിക്കുന്നത്. നെല്ലുൽപാദനം കുറഞ്ഞതുകൊണ്ടാണന്നാണ് വിതരണം കുറച്ചതെന്നാണ് വിശദീകരണമെങ്കിലും കൃത്രിമക്ഷാമം സൃഷ്ടിച്ച് അരിവില കൂട്ടുകയാണ് മില്ലുടമകളുടെ ലക്ഷ്യമെന്ന് വ്യക്തം. ഇതിന്റെ പ്രതിഫലനവും വിപണിയിൽ കണ്ടുതുടങ്ങി.

കൺസ്യൂമർഫെഡ് ഉൾപ്പടെയുള്ള സർക്കാർ സംവിധാനങ്ങൾ കുടിശിക നൽകാത്തതും മില്ലുടമകളെ ചൊടിപ്പിച്ചിട്ടുണ്ട്. പ്രതിസന്ധി തുടർന്നാൽ അരിവില ഇനിയും ഉയരും. ആന്ധ്രയിൽ നിന്നുള്ള ജയ, സുലേഖ അരിയിനങ്ങളാണ് സപ്ലൈകോവഴിയും വിതരണം ചെയ്യുന്നത്.

സബ്സിഡിയിനത്തിൽ കിട്ടുന്ന അരിയാണ് സാധാരണക്കാരന് അൽപമെങ്കിലും ആശ്വാസം. എന്നാൽ ആന്ധ്രയിൽ നിന്നുള്ള അരിവരവ് നിലച്ചതോടെ പൊതുവിതരണസംവിധാനത്തിലൂടെയുള്ള അരിവിതരണവും പ്രതിസന്ധിയിലാകും

കടപ്പാട് : മനോരമ

NO COMMENTS

LEAVE A REPLY