അയൽരാജ്യം ഭീകരവാദം പോറ്റിവളർത്തുന്നു : നരേന്ദ്ര മോദി

755

വാഷിങ്ടണ്‍: ഭീകരതയാണ് ഇന്ന് ഏഷ്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും ഇതിന്റെ തുടക്കം ഇന്ത്യയുടെ അയല്‍പക്കത്താണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി .അമേരിക്കന്‍ പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഇന്ത്യ-അമേരിക്ക ആണവകരാര്‍ ഇരുരാജ്യങ്ങളും തമ്മിലുളള ബന്ധത്തിന്റെ ആഴം കൂട്ടിയെന്നും മുംബൈ ഭീകരാക്രമണ സമയത്ത് ഇന്ത്യയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതില്‍ അമേരിക്കയോട് ഇന്ത്യയ്ക്ക് ഒരുപാട് നന്ദിയുണ്ടെന്നും മോദി പറഞ്ഞു.
മറ്റേതൊരു രാജ്യത്തേക്കാളുമേറെ അമേരിക്കയുമാണ് ഇന്ത്യക്ക് വാണിജ്യ ബന്ധമുള്ളത്. ഗാന്ധിജി മുന്നോട്ട് വെച്ച അഹിംസാ മാര്‍ഗം മാര്‍ട്ടിന്‍ ലൂഥര്‍ കിങിനെ വളരെയേറെ സ്വാധീനിച്ചുവെന്ന് മോദി പറഞ്ഞപ്പോള്‍ അമേരിക്കന്‍ സെനറ്റ് അംഗങ്ങള്‍ എഴുന്നേറ്റ് നിന്ന് കൈയടിച്ചു.
അമേരിക്കയിലുളള മൂന്ന് ദശലക്ഷം ഇന്ത്യക്കാരാണ് ഇരുരാജ്യങ്ങളെയും ബന്ധിപ്പിക്കുന്നത്. ജനാധിപത്യ ആശയങ്ങളില്‍ ഇന്ത്യക്കും അമേരിക്കയും ഏറെ സമാനതകള്‍ ഉണ്ടെന്നും ഭരണഘടനയാണ് ഇന്ത്യയുടെ വിശുദ്ധഗ്രന്ഥമെന്നും മോദി പറഞ്ഞു.
അമേരിക്കയുടേയും ഇന്ത്യയുടേയും ചരിത്രവും സംസ്‌കാരവും വിശ്വാസങ്ങളും വിത്യസ്തമാണെങ്കിലും സ്വാതന്ത്രത്തെക്കുറിച്ചുളള ഇരുരാജ്യങ്ങളുടേയും വീക്ഷണത്തില്‍ സമാനതകളേറെയാണെന്നും മോദി പറഞ്ഞു. അമേരിക്കന്‍ ജനാധിപത്യ ആശയമാണ് ലോകത്തെ മറ്റ് രാഷ്ട്രങ്ങള്‍ക്ക് പ്രചോദനമായതെന്നും മോദി സൂചിപ്പിച്ചു.

NO COMMENTS

LEAVE A REPLY